കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട നീക്കം നടക്കുന്നു. വേട്ടക്കാരനൊപ്പം ചേർന്ന് ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകൾ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇ.പിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ചു. തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹർജി നൽകിയതെന്നും ഇത്തരം കേസുകളിൽ ഇ.പി വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് വൃത്തികേടും പ്രചരിപ്പിക്കാന്‍ മടിയില്ലാത്തവരാണ് യുഡിഎഫ്. അവരെ പോലെ ഇരയെ വേട്ടയാടുന്നവരല്ല ഇടതുപക്ഷമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്ന അപവാദം പ്രചരിപ്പിക്കുന്നതിനാണ് നടി ഹൈക്കോടതിയെ സമീപിച്ചതെന്നും ഇപി ജയരാജന്‍ പറഞ്ഞു.