കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ ആലുവ സ്വദേശി ശരത് ജി. നായർ അറസ്റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.
ശബ്ദ സാംപിൾ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.