കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും അടക്കമുളള പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ ഉളളത്.കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവൊന്നുമില്ലെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്‍റെ വാദം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുളളത് . ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. വധ ഗൂഡാലോചനാക്കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്.
കഴിഞ്ഞ ജനുവരി 29നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ നാല് ഫോണുകളിലെ ഡേറ്റകൾ നീക്കം ചെയ്തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ദിലീപിന്‍റെ അഭിഭാഷകൻ മുഖേനയാണ് ഫോണുകൾ കൊണ്ടുപോയത്. മുംബൈയിലെ സ്വകാര്യ ലാബുമായി ബന്ധവപ്പെട്ടവരെ ചോദ്യം ചെയ്തെന്നും ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതായി മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഫോണിലെ മറ്റ് വിവരങ്ങൾ ഒരു ഹാർഡ് ഡിസ്കിലേക്കും മാറ്റി. ഈ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദിലീപിന്‍റെ ഒരു അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിച്ചതായും വ്യക്തമായിട്ടുണ്ട്.
ഫോണിലെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത ക്രൈംബ്രാഞ്ച് ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വധഗൂഢാലോചനാക്കേസിൽ വസ്തുതകൾ മറച്ചുവയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. വധഗൂഢാലോചനാക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകൾ സൃഷ്ടിക്കാനെന്നാണ് ദിലീപിന്‍റെ ആക്ഷേപം. എന്നാൽ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു.