കൃത്യമായ ആസൂത്രണം, സൂക്ഷ്മമായ വിഭവ സമാഹരണം. അടുത്ത പത്ത് വർഷത്തേക്കുള്ള കർമ പദ്ധതി ഇപ്പോൾ തന്നെ സജ്ജം. പറഞ്ഞു വരുന്നത് അദാനി ഗ്രൂപ്പിനെ കുറിച്ചുതന്നെ. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 1.3 ലക്ഷം കോടി രൂപ രൂപയുടെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. തുറമുഖങ്ങൾ, ഊർജ ഉൽപാദനം , വിമാനത്താവളങ്ങൾ, സിമൻറ്, മീഡിയ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ കമ്പനികളിലെ മൊത്തം നിക്ഷേപത്തിന്റെ 70 ശതമാനവും ആഭ്യന്തര സ്രോതസുകളിൽ നിന്നാണെന്നും ബാക്കി തുക കടങ്ങളിലൂടെ കണ്ടെത്തുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഈ വർഷം കാലാവധി തീരുന്ന 3-4 ബില്യൺ ഡോളർ കടം റീഫിനാൻസ് ചെയ്യാനും പദ്ധതികൾക്കായി 1 ബില്യൺ ഡോളർ കൂടി സമാഹരിക്കാനും ഗ്രൂപ്പ് ശ്രമിക്കും.
പുനരുപയോഗ ഊർജ കമ്പനിയായ അദാനി ഗ്രീൻ ആറ്-ഏഴ് ഗിഗാവാട്ട് പദ്ധതി പൂർത്തിയാക്കും. 34,000 കോടി രൂപ അദാനി ഗ്രീൻ എനർജി ഗുജറാത്തിലെ ഖാവ്ദയിലെ പദ്ധതിക്കായി ചെലവഴിക്കും. കൂടാതെ മുംബൈയിലെ പുതിയ വിമാനത്താവളത്തിന്റെ പണിയും പൂർത്തിയാക്കും. വരാനിരിക്കുന്ന നവി മുംബൈ വിമാനത്താവളം ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങളോടെ ഈ മേഖലകളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. 2026-ഓടെ എയർപോർട്ട് ബിസിനസിന്റെ പ്രാഥമിക ഓഹരി വിൽപന നടത്താനും അദാനി ആലോചിക്കുന്നുണ്ട്.
2024-25 സാമ്പത്തിക വർഷത്തിലെ കണക്കാക്കിയ മൂലധന ചെലവ് 2023-24 സാമ്പത്തിക വർഷത്തിൽ കണക്കാക്കിയ ചെലവിനേക്കാൾ 40 ശതമാനം കൂടുതലാണ്. അടുത്ത ഏഴ് മുതൽ പത്ത് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഗ്രൂപ്പ് നേരത്തെ കണക്കാക്കിയിരുന്നത്. ഈ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഗ്രൂപ്പിന്റെ അതിവേഗം വളരുന്ന ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, എയർപോർട്ട്, അടിസ്ഥാന സൌകര്യവികസന മേഖലകളിലാണ് നടത്തുക.
2023-24 സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ നികുതിക്ക് മുമ്പുള്ള ലാഭം 45 ശതമാനം വർധിച്ച് 82,917 കോടി രൂപയായി .