അടൂർ: അടൂർ ജനറൽ ആശുപത്രിയിലെ ഒ.പി ബ്ലോക്ക് നവീകരണം ഇഴയുന്നതുമൂലം രോഗികൾ വലയുന്നു. പണി തുടങ്ങിയിട്ട് ഒമ്പത് മാസമായിട്ടും നവീകരണം നീളുകയാണ്. പണി പൂർത്തീകരിക്കണമെങ്കിൽ ഇനിയും മാസങ്ങൾ വേണ്ടി വരുമെന്നതാണ് സ്ഥിതി. പ്രധാന ബഹുനില മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് നവീകരണം നടക്കുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം താൽക്കാലികമായി പേവാർഡ് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെയാണെങ്കിൽ നിന്നുതിരിയാനിടവുമില്ല. രോഗികളെ കിടത്താനുള്ള മുറികളും ചെറിയ ഇടനാഴിയും മാത്രമാണുള്ളത്.
ഇവിടെയാണ് ദിനംപ്രതി എത്തുന്ന രണ്ടായിരത്തോളം രോഗികളും അവരുടെ ഒപ്പംവരുന്നവരും ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്നത്. ഇതോടെ ഡോക്ടർമാരുടെ പരിശോധനമുറിക്ക് മുന്നിൽ തിക്കും തിരക്കുമാണ്. മണിക്കൂറുകൾ കാത്തുനിന്ന് അവശരായി രോഗികൾ കുഴഞ്ഞുവീഴുന്നത് പതിവാണ്. മഴ ആരംഭിച്ചതോടെ താൽക്കാലിക ഒ.പി വിഭാഗത്തിന് മുന്നിൽ നിൽക്കാൻ ഇടമില്ലാത്തതിനാൽ മഴ നനഞ്ഞ് കെട്ടിടത്തിന് പുറത്തുനിൽക്കേണ്ട സ്ഥിതിയാണ്.
ഒ.പി വിഭാഗം തീരെ സൗകര്യമില്ലാത്ത കെട്ടിടത്തിലേക്ക് മാറ്റിയതും രോഗികളെ വലക്കുകയാണ്. താൽക്കാലിക ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സർജൻമാർ, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി വിഭാഗം അതിനു മുകളിലത്തെ നിലയിൽ മെഡിസിൻ, പൾമണോളജി, ഫിസിഷൻ, പീഡിയാട്രീഷൻ, നേത്രരോഗ വിഭാഗം, ത്വഗ്രോഗ വിഭാഗം, ഡോക്ടർമാരുടെ പരിശോധന മുറികൾ എന്നിവയുണ്ട്. ഇവിടെ രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒ.പി നവീകരണത്തോടൊപ്പം രണ്ടാം ഘട്ടമായി ഡെന്റൽ എക്സ്റേ, ലബോറട്ടറി എന്നിവയുടെ നവീകരണവും നടക്കും.