തിരുവനന്തപുരം : കേരളത്തിന്റെ സാംസ്കാരിക മുഖമാണ് എംഎ ബേബിയെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇ. കെ. നായനാർ സർക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയം വീഥിക്ക് നേതൃത്വം നൽകിയ എംഎ ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസംഘമത്തിന്റെ വേദിയാണ് മാനവീയം വീഥിയെന്നും എല്ലാവരും സൌഹാര്‍ദ്ദ പരമായി ഇടപെടുന്ന ഇടമായിരിക്കണമതെന്നും അതിനെ നശിപ്പിക്കരുതെന്നും എംഎ ബേബി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊണ്ട് കൂട്ടായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടമാക്കി തന്നെ ഇതിനെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മാനവീയം വീഥിയുടെ നാമകരണം ചെയ്ത അന്നത്തെ സ്പീക്കർ എം വിജയകുമാറിനെയും അന്താരാഷ്ട്ര ആയുർവേദ സമ്മേളനത്തിലെ വിശിഷ്ടാതിഥി പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശിനെയും (ഡെറാഡൂൺ) അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.