ചെന്നൈ : ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭ ആര്‍ പ്രഗ്നാനന്ദക്ക് പിന്നാലെ മൂത്ത സഹോദരി ആര്‍ വൈശാലിക്കും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി. 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്നാണ് ആര്‍ വൈശാലി ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായത്. ലോക ചെസ് ചരിത്രത്തില്‍ ആദ്യമായാണ് സഹോദരി സഹോദരന്‍മാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്. ഇന്ത്യയുടെ 83-ാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ് 22കാരിയായ വൈശാലി. സ്പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ടര്‍ക്കിഷ് താരം ടാമെര്‍ താരിഖ് സെല്‍ബെസിനെ തോല്‍പ്പിച്ചതോടെയാണ് വൈശാലി 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്ന് ഗ്രാന്‍ഡ് മാസ്റ്ററായത്. ഒക്ടോബറില്‍ ഖത്തറില്‍ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റില്‍ മൂന്നാം ഗ്രാന്‍ഡ് മാസ്റ്റര്‍ നാമനിര്‍ദേശം ലഭിച്ചിരുന്ന വൈശാലിക്ക് എലോ റേറ്റിംഗ് പോയന്‍റ് മാത്രമായിരുന്നു സ്പെയിനില്‍ മെച്ചപ്പെടുത്തേണ്ടിയിരുന്നത്.