കൊച്ചി: സംസ്ഥാനത്തെ ഭൂമി കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് ഹൈക്കോടതി. സർക്കാർ ഭൂമി കൈയ്യേറുവാൻ പോലും അനുകൂല സാഹചര്യമാണുള്ളത്. മത സാമുദായിക സംഘടനകൾ വോട്ട് ബാങ്കിന്‍റെ ബലത്തിൽ കൈയ്യേറ്റ ഭൂമിയ്ക്ക് പട്ടം നേടുന്നതായും , നിയമവിരുദ്ധ ഭൂമിയിടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാനത്തെ ഭൂമി കയ്യേറ്റത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. സർക്കാർ ഭൂമി കൈയ്യേറുവാൻ പോലും സംസ്ഥാനത്ത് അനുകൂല സാഹചര്യമാണ്. സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. പല ഭൂമി ഇടപാടുകളും സംശയാസ്പദമാണ്. ഭൂമി കയ്യേറിയശേഷം പട്ടയം ഉണ്ടാക്കുന്നതാണ് കാണുന്നത്. സാമുദായിക സംഘടനകളും മറ്റും കൈയ്യേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്റെ ബലത്തിലാണ്. മത – സാമുദായിക -സന്നദ്ധ സംഘടനകളുടെ സ്വത്ത് ഇടപാടുകൾ പരിശോധിക്കപ്പെടണം. ഇതിനായി ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ ഉത്തരവിട്ടു.
കൈയ്യേറ്റങ്ങൾക്കെതിരെ ശബ്ദമുയരാത്തത് ഭൂമാഫിയയ്ക്കും അനുകൂല അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധ ഭൂമിയിടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കൈയ്യേറ്റങ്ങൾ കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ സർവെ നടത്തി 6 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതിനായി സമിതി രൂപീകരിക്കണം
വനം റവന്യൂ വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും ജസ്റ്റിസ് പി സോമരാജന്‍റെ ഉത്തരവിലുണ്ട്. കർദ്ദിനാൾ ഉൾപ്പെട്ട സഭാ ഭൂമി ഇടപാടിലെ അലക്സിയൻ ബ്രദേഴസ് ഭൂമി കൈമാറിയതിൽ അന്വേഷണം വേണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ നൽകിയത് പാതിവെന്ത അന്വേഷണ റിപ്പോർട്ട് ആണെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു.