കൊല്ലം: വഴിയാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതികളുടെ അക്രമത്തിന് ഇരയായത്. കടപ്പാക്കട സ്വദേശി ഹരീഷ്, ആശ്രാമം സ്വദേശികളായ പ്രസീദ്, ജിഷ്ണു എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇരുപത് വയസിൽ താഴെയുള്ളവരാണ്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായിട്ടുണ്ട്.
കരുനാഗപ്പളളിയിൽ ഹോട്ടൽ ജോലി ചെയ്യുന്ന കടപ്പാക്കട സ്വദേശിയെ ആശ്രാമത്തു വച്ച് സ്കൂട്ടറിൽ എത്തിയ യുവാക്കൾ ബിയർ കുപ്പികൊണ്ട് അക്രമിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മർദനമേറ്റയാളും പ്രദേശത്തുണ്ടായിരുന്നവരും ചേർന്ന് സംഘത്തിലെ ഒരാളെ പിടികൂടി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റുളളവരും വലയിലായത്. നഗരത്തിലൂടെ ഒറ്റയ്ക്ക് പോകുന്നവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവരുന്നതാണ് പ്രതികളുടെ രീതി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അക്രമണത്തിന് ഇരയായതായി പൊലീസ് പറയുന്നു.
എറണാകുളം സ്വദേശിനിയെ കൊട്ടിയത്ത് വച്ച് അക്രമിച്ച് 20,000 രൂപ കവർന്നതും ഈ സംഘമാണോ എന്ന് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അതേസമയം, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പലരിൽ നിന്നായി കോടികൾ വിലവരുന്ന ഏലക്കയും പണവും തട്ടിയെടുത്തയാളെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കിളിമാനൂർ സ്വദേശി ജിനീഷാണ് പിടിയിലായത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തേക്ക് പോയപ്പോഴാണ് പൊലീസ് സംഘം പ്രതി തലസ്ഥാനത്തുള്ള വിവരം അറിയുന്നത്. പിന്നീട് പൊലീസ് തിരുവനന്തപുരത്ത് നിന്നും ജിനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.