പട്ന: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് മൂന്നു ദിവസത്തിനിടെ ബിഹാറിൽ അറസ്റ്റിലായത് 620 പേർ. ശനിയാഴ്ച മാത്രം 140 പേർ അറസ്റ്റിലായി. പട്നയിൽ 100 പേരും ഉത്തര്‍പ്രദേശില്‍ നാല് ജില്ലകളിലായി 260 പേരും അറസ്റ്റിലായി. ആകെ 130 കേസുകൾ റജിസ്റ്റർ ചെയ്തു. അഗ്നിപഥ് പ്രക്ഷോഭത്തിൽ സൈനിക റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പട്നയിലെ അക്രമങ്ങൾക്ക് സംഘടിത സ്വഭാവമെന്ന് വിലയിരുത്തൽ. അറസ്റ്റിലായവരുടെ വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിഹാറിലെ 10 ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഉപമുഖ്യമന്ത്രിയും എംഎല്‍എമാരും ഉൾപ്പെടെയുള്ളവർക്കാണ് സുരക്ഷ. വെള്ളിയാഴ്ച ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെയും ബിജെപി അധ്യക്ഷന്‍റെയും വീടുകള്‍ ആക്രമിച്ചിരുന്നു. ഇതേതുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. രാജ്യത്താകെ ശനിയാഴ്ച 369 ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാറിൽ മാത്രം 60 ട്രെയിനുകൾ റദ്ദാക്കി. ബിഹാറിൽ വരുന്ന രണ്ടു ദിവസം ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച വരെ പുലർച്ചെ നാല് മണി മുതൽ രാത്രി എട്ടു വരെ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല.
പ്രതിഷേധം തുടർച്ചയായ നാലാം ദിവസത്തിലെത്തി നില്‍ക്കെ ബിഹാറിലും പഞ്ചാബിലും വീണ്ടും സംഘർഷമുണ്ടായി. ബിഹാറിലെ ലഖിസരായില്‍ പ്രതിഷേധക്കാര്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരന്‍ മരിച്ചു. അതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വെള്ളിയാഴ്ച, തെലങ്കാനയിലെ പൊലീസ് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. ബിഹാറിൽ വിവിധ വിദ്യാർഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദിൽ വാഹനങ്ങൾക്കു തീയിട്ടു. പഞ്ചാബിലെ ലുധിയാനയിൽ റെയിൽവേ സ്റ്റേഷൻ അടിച്ചുതകർത്തു, അമൃത്സറിൽ ആക്രമണശ്രമമുണ്ടായി. അക്രമങ്ങളിൽ പട്നയിൽ മാത്രം റെയിൽവേയ്ക്കുണ്ടായ നഷ്ടം 200 കോടി രൂപയാണെന്ന് മന്ത്രാലയം അറിയിച്ചു.
11 സംസ്ഥാനങ്ങളിലാണ് അഗ്നിപഥ് പ്രതിഷേധം കൈവിട്ട നിലയിലെത്തിയത്. അതില്‍ തന്നെ ബിഹാറാണ് പ്രതിഷേധങ്ങളുടെ കേന്ദ്രം. സംസ്ഥാനത്ത് പ്രഖ്യാപിച്ച ബന്ദ് പൂർണമാണ്. ബിഹിയയിലെ റെയില്‍വേ സ്റ്റേഷന്‍ അക്രമികള്‍ കൊള്ളയടിച്ചു. ടിക്കറ്റ് കൗണ്ടറില്‍നിന്ന് മൂന്നുലക്ഷം രൂപ കവര്‍ന്നു. ജഹാനാബാദില്‍ പ്രതിഷേധക്കാര്‍ ബസിന് തീയിട്ടു. ബിഹാറിൽ 50 കോച്ചുകളും അഞ്ച് എന്‍ജിനുകളും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചതായി റെയിൽവേ അറിയിച്ചു. തെലങ്കാനയിലെ സെക്കന്ദരബാദിലുണ്ടായ സംഘർഷത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൽനാടുവിൽ ആർമി ഉദ്യോഗാർഥി പരിശീലന കേന്ദ്രം നടത്തുന്ന സുബ്ബ റാവുവാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷൻ ആക്രമിച്ചതിനെ തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ ഇരുപത്തിനാലുകാരൻ കൊല്ലപ്പെട്ടിരുന്നു.