ന്യൂഡൽഹി: സൈന്യത്തിൽ നാല് വർഷത്തെ ഹ്രസ്വനിയമനത്തിനു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി. ഇത്രയും അക്രമാസക്തമായ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പിന്നീട് ഉയർന്ന വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്തരത്തിലുള്ള അക്രമത്തെ അപലപിക്കുന്നു. ഇതല്ല പരിഹാരം. ഉദ്യോഗാർഥികളുടെ അവസാനഘട്ടം പൊലീസ് വെരിഫിക്കേഷനാണ്. പ്രതിഷേധത്തിൽ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടെങ്കിൽ അവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ല. പദ്ധതിയെക്കുറിച്ച് ശരിയായി മനസ്സിലാക്കുകയാണ് വേണ്ടത്.’ – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്നെന്നും സായുധ സേനയുടെ പ്രായപരിധി 30ൽനിന്ന് 25 വയസ്സായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ വ്യോമസേനയിലേക്കുള്ള (ഐഎഎഫ്) ആദ്യ റിക്രൂട്ട്‌മെന്റ് ജൂൺ 24ന് ആരംഭിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.