തിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ സുപ്രധാന രേഖകൾ മറച്ചുവെച്ച് കെൽട്രോണിന്റെ കണ്ണിൽ പൊടിയിടൽ. വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന മന്ത്രി പി. രാജീവിന്റെ നിർദേശത്തെ തുടർന്നാണ് വെബ്സൈറ്റ് വഴി കരാർ സംബന്ധിച്ച ഏതാനും രേഖകൾ കെൽട്രോൺ വെബ്സൈറ്റിലിട്ടത്.
ഇതിനോടകം പ്രതിപക്ഷം പുറത്തുവിട്ടതടക്കം രേഖകൾ തങ്ങളുടെ വിശദീകരണക്കുറിപ്പോടെ പ്രസിദ്ധീകരിച്ചുവെന്നതൊഴിച്ചാൽ പുറത്തുവിടേണ്ട കരാറിലെ നിർണായക വിവരങ്ങൾ മറയ്ക്കുള്ളിൽ തന്നെയാണ്. പ്രീ ക്വാളിഫിക്കേഷൻ ഇവാലുവേഷനാണ് സുപ്രധാനം. ഉപകരാർ ഏൽപ്പിക്കപ്പെട്ട കമ്പനികൾക്ക് യോഗ്യതയുണ്ടോ എന്നതടക്കം കാര്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുക. പത്ത് വർഷം പ്രവൃത്തിപരിചയമുണ്ടെന്ന് കെൽട്രോൺ അവകാശപ്പെടുന്ന ഒരു കമ്പനി തുടങ്ങിയത് 2017 ലാണ്. അവരെങ്ങനെ യോഗ്യത നേടി എന്നത് അറിയണമെങ്കിൽ അംഗീകാരം നൽകിയ മാനദണ്ഡങ്ങൾ പുറത്തുവരണം. ഇതാകട്ടെ പ്രീ ക്വാളിഫിക്കേഷൻ ഇവാലുവേഷനിലാണുണ്ടാവുക. ഇത് പക്ഷേ പുറത്തുവിട്ടിട്ടുമില്ല.എ.ഐ കാമറയിൽ പ്രവൃത്തി പരിചയമില്ലെന്ന് ബംഗളൂരുവിലെ കമ്പനി തന്നെ പറയുന്നു. പക്ഷേ എന്നിട്ടും എന്ത് മാനദണ്ഡപ്രകാരം കരാർ നൽകി എന്നതും ചോദ്യമായി ശേഷിക്കുന്നു.
മാനുഫാക്ചർ ഓതറൈസേഷൻ ഫോമിന്റെ കാര്യവും അവ്യക്തമാണ്. നിർമാതാക്കളുടെ ഉൽപന്നങ്ങൾ തന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഇതിലുണ്ടാവുക. ടെക്നിക്കൽ രേഖകൾക്കൊപ്പം ഉപകരാർ നൽകിയിട്ടുണ്ടെങ്കിൽ അതും രേഖകളിൽ പരാമർശിക്കുകയും ഉൾക്കൊള്ളിക്കുകയും വേണം. കെൽട്രോൺ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല എന്നതാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരീകരിക്കുകയും വ്യക്തത വരുകയും ചെയ്യണമെങ്കിൽ രേഖകൾ പുറത്തുവരണം. കെൽട്രോൺ ആദ്യം ഉപകരാർ ഏർപ്പെട്ടിരുന്നവർ പിന്മാറി. പിന്നീടാണ് ഇപ്പോഴുള്ളവരുമായി കരാറിലെത്തിയത്.
ഇൗ കമ്പനികളുടെ പേർ അന്ന് തന്നെ പറയുക അസാധ്യമാണ്. ഇതാണ് ഉപകരാർ കാര്യത്തിലെ ഒളിച്ചുകളിക്ക് കാരണമെന്നാണ് വിലയിരുത്തൽ.ടെക്നിക്കൽ ഇവാലുവേഷൻ ഡോക്യുമെന്റ് പുറത്തുവിട്ടിട്ടില്ല. പുറത്തുവന്ന രേഖകൾ വീണ്ടും പുറത്തുവിട്ട ശേഷം ‘ഞങ്ങൾ സുതാര്യമാണെന്ന്’ പറയുകയാണ് കെൽട്രോൺ ചെയ്യുന്നതെന്നാണ് വിമർശനം.