ദില്ലി: ദില്ലി എയിംസിലെ സർവർ ഹാക്കിംഗിന്‍റെ ഉറവിടം വിദേശത്ത് നിന്നെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഏത് രാജ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. നവംബർ 23ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നതെന്നും അഞ്ച് സർവറുകളിലെ വിവരങ്ങൾ പൂർണ്ണമായും ചോർന്നെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, നാല് കോടിയോളം വരുന്ന ദില്ലി എയിംസിലെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന ഭീതിക്കിടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ദില്ലി എയിംസ് ആശുപത്രിയുടെ സർവറിലുണ്ട്. വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.