ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ വയോധികയുടെ മേൽ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 34 കാരനായ ശങ്കര് മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾ ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.
വെൽസ് ഫാർഗോ ജീവനക്കാർ പ്രൊഫഷണലും വ്യക്തിപരവുമായി നിലവാരം പുലർത്തുന്നനവരാണ്. മിശ്രക്കെതിരെയുള്ള ആരോപണങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇയാളെ വെൽസ് ഫാർഗോയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നതായും കമ്പനി വ്യക്തമാക്കി. അതേസമയം, ശങ്കർ മിശ്രയെഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും എയർപോർട്ട് അലേർട്ടും പുറപ്പെടുവിച്ചു. നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്‌ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.