ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവിന്റെ ഹർജി. സുബ്രഹ്മണ്യം സ്വാമിയാണ് വിൽപ്പനയ്ക്ക് എതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഉത്തരവിനായി ദില്ലി ഹൈക്കോടതി മാറ്റിവെച്ചു. എയർ ഇന്ത്യ ഓഹരി വില്പന നിയമവിരുദ്ധവും അഴിമതിയും ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ടാറ്റയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചത്. ഒക്ടോബർ 11ന് ടെൻഡർ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി.
ഓരോ ദിവസവും 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. കഴിയുന്നതും വേഗം എയർ ഇന്ത്യയെ വിവിൽക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. ഡിസംബര്‍ അവസാനത്തോടെ എയർ ഇന്ത്യ കൈമാറ്റം നടക്കുമെന്നായിരുന്നു കരുതിയതെങ്കിലും ഇതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ള അനുമതികൾ വൈകുന്നതാണ് പ്രയാസമായത്. ചുവപ്പുനാട വിലങ്ങുതടിയാവുന്നതിന് പുറമെ ബിജെപി സർക്കാരിന്റെ തീരുമാനത്തെ ബിജെപി നേതാവ് തന്നെ കോടതിയിൽ എതിർക്കുന്നതും ഈ കൈമാറ്റം വൈകിപ്പിക്കും. 18000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനിക്ക് കൈമാറുന്നത്. കരാർ പ്രകാരം പ്രകാരം 2700 കോടി രൂപയാണ് ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രസർക്കാരിന് കൊടുക്കേണ്ടത്. പുറമെ എയർ ഇന്ത്യയുടെ 15300 കോടി രൂപയുടെ കടബാധ്യതയും ടാലസ് കമ്പനി ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ.