ന്യൂഡൽഹി: ഇന്ത്യയിൽ വായു മലിനീകരണം കാരണം ഓരോ വർഷവും 33,000 പേർ മരിക്കുന്നതായി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് റിപ്പോർട്ട്. അഹ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, ഷിംല, വാരാണസി എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ഡൽഹിയിലാണ് മലിനീകരണം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ശുദ്ധവായുവിന്റെ അഭാവത്തിൽ പ്രതിവർഷം 12,000 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമാകുന്നത്.
ഇന്ത്യൻ നഗരങ്ങളിലെ മലിനീകരണത്തോത് ലോകാരോഗ്യ സംഘടന നിർഷ്കർഷിക്കുന്നതിനും ഏറെ മുകളിലാണ്. ഒരു ക്യൂബിക് മീറ്ററിന് 15 മൈക്രോഗ്രാം എന്ന സുരക്ഷിതമായ എക്സ്പോഷർ പരിധിയാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ സ്റ്റാൻഡേർഡ് ഒരു ക്യൂബിക് മീറ്ററിന് 60 മൈക്രോഗ്രാം അനുവദിക്കുന്നു. ഈ വ്യത്യാസം വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ശരീരത്തിനകത്ത് പ്ലാസ്റ്റിക് കണികകൾ എത്തുന്നതിലൂടെ മാരകമായ മറ്റ് പല രോഗങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.