ന്യൂഡൽഹി: പാർലമെന്ററി ജീവിതം അവസാനിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഡൽഹിയിൽനിന്ന് മടങ്ങി. കുടുംബസമേതം അദ്ദേഹം വൈകീട്ടോടെ തിരുവനന്തപുരത്തെത്തും. പ്രിയ നേതാവിന്റെ കേരളത്തിലേക്കുള്ള മടക്കം താങ്ങാൻ കഴിയുന്നില്ലെന്ന് ഡൽഹിയിൽ കൂടെയുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞു.
പാർലമെന്ററി ജീവതത്തിൽനിന്ന് വിശ്രമം തേടി എ.കെ. ആന്റണി കേരളത്തിലേക്കു പുറപ്പെടുമ്പോൾ ജന്തർ മന്തർ റോഡിലെ 2–ാം നമ്പർ വസതി വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. വീട്ടുജോലിക്കാർ കരഞ്ഞുകൊണ്ട് ആന്റണിയെ യാത്രയാക്കി. വലിയ നേതാവാണെങ്കിലും കുടുംബാംഗത്തെ പോലെയാണ് അദ്ദേഹം തങ്ങളെ കണ്ടിട്ടുള്ളതെന്ന് ഇവർ പറഞ്ഞു. എ.കെ. ആന്റണിക്കൊപ്പം ഭാര്യ എലിസബത്തും മകൻ അജിത്തുമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾ ഉള്ളതിനാൽ അനിൽ ആന്റണി ഡൽഹിയിൽ തുടരും. എ.കെ. ആന്റണിയെ സ്വീകരിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്നത് ബെന്നി ബെഹനാൻ എംപിയാണ്. ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നിർത്തിയെങ്കിലും ആന്റണിക്കുള്ള ഉത്തരവാദിത്തങ്ങൾ അവസാനിച്ചിട്ടില്ല. പുതു തലമുറയ്ക്കുവേണ്ടി വഴിമാറി മാതൃക ആയെങ്കിലും പ്രവർത്തക സമിതിയിലടക്കം അവിഭാജ്യ ഘടകമായി ആന്റണിയെ നിലനിർത്തുമെന്നു വിശ്വസിക്കുന്ന കോൺഗ്രസ് പ്രവർത്തകർ ഏറെയാണ്.