പാലക്കാട്∙ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയില്‍ വെളിച്ചമുള്ളവർ പറയില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലൻ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണല്‍ കമ്പനിയായ സി.എം.ആ.ര്‍എല്ലില്‍ നിന്നും പണം വാങ്ങിയത് കൃത്യമായ സേവനത്തിനാണ്. നികുതി അടച്ചുവെന്ന രേഖ പുറത്തുവന്നതോടെ അത് മാസപ്പടിയല്ലെന്നു തെളിഞ്ഞു.
വീണയുടെ കമ്പനിയായ എക്സാലോജിക് സി.എം.ആർ.എലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി ധനവകുപ്പ് സ്ഥിരീകരിച്ചതോടെ, ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എം.എൽ.എ വീണിടം വിദ്യയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴൽനാടൻ ഉയർത്തിയ ആരോപണങ്ങളിൽ, വീണാ വിജയൻ ജിഎസ്ടി അടച്ചിട്ടില്ലെന്ന വാദം പൊളിഞ്ഞതായി ബാലൻ ചൂണ്ടിക്കാട്ടി. ഐ.ടി രംഗത്തെ ആന്വൽ മെയ്ന്റനൻസ് കരാർ പ്രകാരം ആവശ്യം വന്നാൽ മാത്രമേ സർവീസ് നൽകേണ്ടതുള്ളൂവെന്ന് ബാലൻ പറഞ്ഞു. നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയില്‍ വെളിച്ചമുള്ള ആരും പറയില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോടു പറഞ്ഞു