തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി മുന്‍മന്ത്രി എ കെ ബാലന്‍. ഗവര്‍ണറുടേത് ബാലിശമായ നടപടിയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം എ കെ ബാലന്‍ പ്രതികരിച്ചത്. ഇടയ്ക്കിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവര്‍ണറുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും തങ്ങള്‍ അതെല്ലാം പൊളിച്ച് കൈയ്യില്‍ കൊടുത്തിരുന്നെന്ന് എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറുമായി പ്രശ്‌നമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗവര്‍ണറുമായി എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി. ഭരണപ്രതിസന്ധിയുണ്ടാകുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കിയില്ലെന്നും എ കെ ബലന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് പോരാല്‍കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ’18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി. നീതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയില്‍ കേരളം മുന്നിലാണ്’ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നൂറുദിന കര്‍മ പരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. 2011 ലെ ഭവന നിര്‍മാണ നിയമം പരിഷ്‌കരിക്കുമെന്നും ഹൗസിംഗ് പോളിസിയില്‍ മാറ്റം വരുത്തുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആവിഷ്‌കരിച്ചുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. തമിഴ്‌നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു.
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവര്‍ണര്‍. സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയമാണ് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാന്‍സ് കമ്മീഷന്‍ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.