തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിലെ നാലാംപ്രതിയായ കോൺഗ്രസ് പ്രവർത്തക ടി. നവ്യ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഒരാഴ്‌ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ച രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന് മുന്നിലാണ് നവ്യ ഹാജരായത്.
എന്നാൽ, ചോദ്യം ചെയ്യലുമായി നവ്യ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം. അന്വേഷണം ഇവരിലേക്ക് എത്തിയത് മുതൽ നവ്യ ഒളിവിലായിരുന്നു. ഒളിവിൽ കഴിഞ്ഞത് എവിടെയെന്നും സഹായിച്ചത് ആരെന്നും വെളിപ്പെടുത്താൻ അവർ തയാറായിട്ടില്ല. ഒളിവിൽ കഴിഞ്ഞത് സംബന്ധിച്ച് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും നവ്യ മറുപടി നൽകിയിട്ടില്ല. അതേസമയം, വരും ദിവസങ്ങളിൽ ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യൽ നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.
ഒന്നാം പ്രതി ജിതിൻ ഉപയോഗിച്ച സ്ഫോടകവസ്തുവടങ്ങിയ സ്കൂട്ടർ എത്തിച്ചത് നവ്യയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അക്രമത്തിന് ശേഷം സ്കൂട്ടർ തിരികെ കൊണ്ടുപോയതും ഇവരാണെന്നും കണ്ടെത്തി. രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ, മൂന്നാം പ്രതി സുബീഷ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഒന്നാംപ്രതി ജിതിനെ നേരേത്ത പിടികൂടിയിരുന്നു.