മുംബൈ: രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെ ആക്രമിക്കാനെത്തിയവരെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്, എന്നാല്‍ ഇന്ത്യന്‍ ഭരണാധികാരികളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ഉള്ളൂവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന പൃഥ്വിരാജ് എന്ന സിനിമയുടെ വിശേഷം എഎന്‍ഐയുമായി പങ്കുവെയ്ക്കുന്നതിനിടെയാണു താരത്തിന്റെ പരാമര്‍ശം.
‘നിർഭാഗ്യവശാൽ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങളേയുള്ളൂ. പക്ഷേ, രാജ്യത്തെ പിടിച്ചടക്കിയവരെപ്പറ്റി ഒട്ടേറെ കാര്യങ്ങൾ പറയുന്നു. ഇതേപ്പറ്റി നമ്മുടെ പുസ്തകങ്ങളിൽ എഴുതാൻ ആരുമില്ല. ഇതു വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മുഗൾചക്രവർത്തിമാർക്കൊപ്പം മറ്റ് രാജാക്കന്മാരെപ്പറ്റിയും നമ്മൾ അറിയണം. അവരും മഹാന്മാരാണ്.’– അക്ഷയ് കുമാർ പറഞ്ഞു.
ഇന്ത്യന്‍ സിനിമയെ ലോകോത്തര നിലവാരത്തിലെത്തിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയും പറയുന്നുണ്ട് അക്ഷയ് കുമാര്‍. രാജ്യത്ത് എല്ലാത്തിനും മാറ്റം വരുന്നുവെന്നും പറഞ്ഞു. അതേ സമയം, അക്ഷയ് കുമാറിന്റെ പ്രസ്താവനയെ വിമർശിച്ച് നിരവധിപ്പേർ ട്വിറ്ററിൽ രംഗത്തെത്തി. ഏഴാം ക്ലാസ് എൻസിഇആർടി ചരിത്ര പാഠപുസ്തകത്തിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ഒരു അധ്യായം തന്നെ ഉണ്ടെന്നും പഠിപ്പിക്കുന്ന സമയം ‘കനേഡിയൻ’ കുമാർ ഉറങ്ങിക്കാണുമെന്നും ഒരാൾ പരിഹസിച്ചു. അക്ഷയ് കുമാർ ഒരിക്കലും സ്‌കൂളിൽ പോകുകയോ എൻസിഇആർടി പുസ്തകം പഠിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആർഎസ്എസ് ശാഖകളിൽ പഠിപ്പിക്കാൻ പോയിക്കാണുമെന്നും മറ്റൊരാൾ കുറിച്ചു.