തിരുവനന്തപുരം: കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗ്ഗീയ ശക്തികൾ നടത്തുന്ന കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തെ ചോരക്കളമാക്കാൻ വർഗീയ ശക്തികൾ നടത്തുന്ന തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും രംഗത്തെ് വരണമെന്ന് സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണെന്നും അതില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് വർഗീയ ശക്തികൾ നടത്തുന്നതെന്നുമാണ് സിപിഎം ആരോപിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഗ്ഗീയ ശക്തികള്‍ മത്സരിച്ച് നടത്തിയ കൊലപാതകങ്ങള്‍ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്. എസ്‌ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറില്‍ കാറിടിച്ചിട്ട് ബിജെപിക്കാര്‍ അരുംകൊല ചെയ്‌തപ്പോള്‍ ബിജെപി നേതാവിനെ വീടുകയറി എസ്.ഡി.പി.ഐക്കാര്‍ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്‌ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങള്‍. – സിപിഎം വാർത്താക്കുറിപ്പിൽ പറയുന്നു.
മതവര്‍ഗീയത പരത്തി ജനങ്ങളില്‍ സ്‌പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാക്കി നാട്ടില്‍ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്. സമാധാനം ഉറപ്പാക്കാനുള്ള പോലീസിന്റെയും സർക്കാരിൻ്റെയും നപടികളിൽ വിശ്വാസം രേഖപ്പെടുത്തുന്നതാണ് സിപിഎമ്മിന്റെ പ്രസ്താവന. കേരളം നിയമവാഴ്‌ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്‌താവന അവരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്ന് സിപിഎം പറയുന്നു. ബിജെപിയുടെ സ്വരം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ കേള്‍ക്കുന്നതെന്നും സിപിഐ (എം)സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറയുന്നു.