ആലപ്പുഴ : ശുചിത്വത്തിന്റെ പേരിൽ ദേശീയ പുരസ്‌കാരം വരെ നേടിയ ആലപ്പുഴ നഗരസഭയ്ക്ക് നാണക്കേടുണ്ടാക്കി മാലിന്യമല. വലിയ ചുടുകാടിന് സമീപം നിർമ്മാണം മുടങ്ങിയ പഞ്ചകർമ്മ ആശുപത്രി കെട്ടിടവും ടൗൺ ഹാൾ പരിസരവും പഴയ അറവ് ശാലയുമാണ് നഗരസഭയുടെ മാലിന്യ ഗോഡൗണുകളായി മാറിയത്. പഞ്ചകർമ്മ ആശുപത്രി കെട്ടിടത്തിനകത്തും പുറത്തും ചാക്കുകളിൽ നിറച്ച മാലിന്യം കെട്ടികിടക്കുകയാണ്. ആറു മാസത്തോളമായി മാലിന്യ നീക്കം കൃത്യമായി നടക്കാത്തതാണ് ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാൻ കാരണം. ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംഭരിച്ച് ഇവ തരം തിരിച്ചാണ് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നത്. എന്നാൽ കരാർ പുതുക്കാൻ വൈകിയതോടെ മാലിന്യ നീക്കം സ്തംഭിച്ചു.
ടൗൺ ഹാൾ പരിസരത്തും പഴയ അറവ് ശാലയുടെ ഭാഗത്തുമാണ് സംഭരിച്ച മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലനിന്നതിനാലാണ് ടെണ്ടർ നടപടികൾ വൈകിയതെന്നാണ് നഗരസഭ നൽകുന്ന വിശദീകരണം. മാലിന്യനീക്കം പുനസ്ഥാപിച്ചെന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പറയുന്നത്. എന്നാൽ കെട്ടിക്കിടക്കുന്ന മാലിന്യ മല നാൾക്കുനാൾ വർധിക്കുന്നതല്ലാതെ പരിഹാരമായിട്ടില്ല. ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം എന്ന് നീക്കി തീരുമെന്നതിലും നഗരസഭയ്ക്കും ഉത്തരമില്ല. പുന്നപ്ര വയലാർ രക്ത സാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാടിന് സമീപമാണ് സിപിഎം ഭരിക്കുന്ന നഗരസഭയിലെ ഈ മാലിന്യമല എന്നതും വിമർശനത്തിന് ഇടയാക്കുന്നു.