തിരുവനന്തപുരം: ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത്. എ.ഡി.ജി.പി (ക്രമസമാധാനപാലനം) അന്വേഷണത്തിന് നേതൃത്വം നൽകും. എ.ഡി.ജി.പി (ക്രമസമാധാനപാലനം), ഐ.ജി (സൗത്ത് സോൺ) അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ആലപ്പുഴ ജില്ലയിലേക്ക് കൂടുതൽ പോലീസ് സേനയെ അയച്ചിട്ടുണ്ട്. ആദ്യ കൊലപാതകത്തിന് പിന്നാലെ പോലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു. ആലപ്പുഴ സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
അതേ സമയം സംസ്ഥാനത്തെ മുഴുവൻ എസ്.പിമാർക്കും ജാഗ്രതാ നിർദേശവും പൊലീസ് പുറപ്പെടുവിച്ചു. സംഘർഷ സാധ്യതയുള്ളിടത്ത് കൂടുതൽ സേനയെ വിന്യസിക്കും. വാഹന പരിശോധന കർശനമാക്കും. കാറുകളും ഇരുചക്രവാഹനങ്ങളുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ആലപ്പുഴ ജില്ലയുടെ പുറത്തേക്ക് സംഘർഷം വ്യാപിക്കാതിരിക്കാനും ആവശ്യമെങ്കിൽ റെയ്ഡ്, അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. എസ്.ഡി.പി.ഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ആലപ്പുഴയിൽ ചേരും. ഐ.ജി ഹർഷിത അട്ടല്ലൂരിയോട് ആലപ്പുഴയിൽ എത്താൻ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.