മുംബൈ: മഹാരാഷ്ട്രയിലെ മാലേഗാവ് നഗരസഭയിലെ മേയറടക്കം 28 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എന്‍സിപിയില്‍ ചേര്‍ന്നു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ , സംസ്ഥാന എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് 28 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. 28 പാര്‍ട്ടി കൗണ്‍സിലര്‍മാരില്‍ 27പേരും എന്‍സിപിയില്‍ ചേര്‍ന്നെന്ന് കോണ്‍ഗ്രസും സ്ഥിരീകരിച്ചു. 84 അംഗ ഭരണസമിതിയില്‍ 28 അംഗങ്ങളുള്ള കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി.
എന്‍സിപി-20, ശിവസേന-13, ബിജെപി-9, എഐഎംഐഎം-7, ജെഡിഎസ്-6, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മലേഗാവില്‍ അടുത്ത എംഎല്‍എ എന്‍സിപിയുടേതാകുമെന്നും നഗരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ജയന്ത് പാട്ടീലും അജിത് പവാറും പറഞ്ഞു. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ഭരണസമിതിയായതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ”മഹാരാഷ്ട്രയില്‍ ഞങ്ങള്‍ സഖ്യമാണ്. എന്നിരുന്നാലും ഇത് രാഷ്ട്രീയമാണ്. ചില എന്‍സിപി അംഗങ്ങള്‍ കോണ്‍ഗ്രസിലും ചേരും. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ല”- മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോളെ പറഞ്ഞു.