തിരുവനന്തപുരം : നിയമസഭ ഇന്നും പ്രക്ഷുധമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വർണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതിനിടെ പ്രതിപക്ഷ എം.എൽ.എമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം എന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി.
അസാധാരണമായ പ്രതിഷേധങ്ങൾക്കും നടപടികൾക്കുമാണ് നിയമസഭ ഇന്നലേ വേദിയായത്. ഇതിന്റെ തുടർച്ച ഇന്നും ആവർത്തിക്കുമെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉയർത്തിയേയ്ക്കും. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന മറുപടിയാണ് ഇക്കാര്യത്തിൽ സർക്കാരിനുള്ളത്. ഇതിനു പുറമെ ബഫർ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലും നിയമസഭയിലുണ്ടാകും.
അതിനിടെ, പ്രതിപക്ഷ എം.എൽ.എമാർ സാമാജികർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. എം.എൽ.എമാർ സഭയ്ക്ക് ഉള്ളിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു. സഭാ ടിവിയിൽ പ്രതിഷേധ ദൃശ്യങ്ങൽ കാണിക്കില്ലെന്നും നടപടിക്രമങ്ങൾ മാത്രമാകും സംപ്രേഷണം ചെയ്യുക എന്നും സ്പീക്കർ എം.ബി. രാജേഷും വ്യക്തമാക്കി.