അല്ലു അര്‍ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ച ചിത്രമാണ് പുഷ്പ. സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നും പുഷ്പ തന്നെയാണ്. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രവുമായിരുന്നു. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ- ദി റൂള്‍’ പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്നറിയിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ‘പുഷ്പ 2′ പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്, ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും,’ താരം പറയുന്നു.ചിത്രമിറങ്ങി 2 ദിവസം കൊണ്ടു തന്നെ 116 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെ 275 കോടിയാണ് കളക്ട് ചെയ്തതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചിരിക്കുന്നത്. ജനുവരി 6നുള്ളില്‍ തന്നെ 325-350 കോടി ചിത്രം നേടുമെന്നും അദ്ദേഹം പറഞ്ഞു.
റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.
രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.