തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ ‘പുഷ്പ 2’വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. തെന്നിന്ത്യക്ക് പുറമെ ബോളിവുഡും കീഴടക്കിയിരിക്കുകയാണ് ഈ അല്ലു അർജുൻ ചിത്രം.
ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. ഇത് അല്ലു അര്‍ജുന്‍ എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.