ഗസ്സ: ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 195 ആയി. 100 പേരെ കാണാതായി. ഗസ്സ സർക്കാറിന്റെ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജബലിയ അഭയാർഥി ക്യാമ്പിൽ രണ്ട് ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. 777 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റതെന്നും അറിയിച്ചു.അതേസമയം, ഗസ്സയുടെ സമീപ നഗരമായ ടാൽ അൽ-ഹവയിൽ ഇസ്രായേൽ കടുത്ത ആക്രമണം നടത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
പ്രദേശത്തേക്ക് ആംബുലൻസുകൾക്ക് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായി ഇസ്രായേൽ പ്രദേശത്ത് ആക്രമണം തുടരുന്നുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും വഫയുടെ റിപ്പോർട്ടിലുണ്ട്.
അതേസമയം, 3,648 കുട്ടികളും 2,290 സ്ത്രീകളുമടക്കം ഗസ്സയിലെ ആകെ മരണം 8,796 ആയി. 22,219 പേർക്ക് പരിക്കേറ്റു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. വെസ്റ്റ്ബാങ്കിൽ 122 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അതിനിടെ, ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സക്കായി ഈജിപ്തിലെത്തിക്കാൻ റഫ അതിർത്തി തുറന്നു. ഗുരുതര പരിക്കുള്ള 81 പേരെ ഈജിപ്തിലേക്ക് മാറ്റി. വിദേശ പാസ്പോർട്ടുള്ളവരെയും അതിർത്തി കടക്കാൻ അനുവദിച്ചു. ടാങ്കുകളും കവചിത വാഹനങ്ങളുമായെത്തിയ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ ഗസ്സയിൽ രൂക്ഷമായ കരയുദ്ധം തുടരുകയാണ്.
ഹമാസിന്റെ പ്രതിരോധത്തിൽ 13 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി ഹമാസ് അവകാശപ്പെട്ടു. ഗസ്സയിലെ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയ തീരുമാനിച്ചു. ആയിരക്കണക്കിന് നിരപരാധികളുടെ കൂട്ടക്കുരുതിക്ക് ഇടയായ ആക്രമണം ഉടൻ നിർത്തണമെന്ന് പ്രസിഡൻഷ്യൽകാര്യ മന്ത്രി മരിയ നെല പ്രാദ ആവശ്യപ്പെട്ടു. കൊളംബിയയും ചിലിയും ഇസ്രായേൽ സ്ഥാനപതിമാരെ പിൻവലിക്കും.