വാഷിങ്ടൺ: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ആദായനികുതിവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അമേരിക്കയും. നേരത്തെ ജര്‍മ്മനിയും ഇത്തരത്തില്‍ വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു. കേസില്‍ സുതാര്യവും, നിഷ്‍പക്ഷവും, നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കൻ വിദേശകാര്യ വക്താവ് പങ്കുവച്ചു.നീതിപൂര്‍ണമായ വിചാരണയ്ക്ക് കെജ്രിവാളിന് അവകാശമുണ്ടെന്നും ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നുമായിരുന്നു ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. മദ്യനയ കേസിലാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ ബിആര്‍എസ് നേതാവും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത, ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും കേസില്‍ നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.