നാംസായ് (അരുണാചൽ പ്രദേശ്): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് എംപി തന്റെ ഇറ്റാലിയൻ കണ്ണട മാറ്റിവച്ച്, വികസനം കണ്ണുതുറന്ന് കാണണമെന്ന് അമിത് ഷാ പരിഹസിച്ചു. അരുണാചൽ പ്രദേശിലെ നാംസായ് ജില്ലയിൽ ആയിരം കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എട്ട് വർഷമായി എന്താണ് ചെയ്തതെന്നു കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. ഈ ആളുകൾ കണ്ണടച്ച് ഉണർന്നിരിക്കുകയാണ്. രാഹുൽ ബാബ തന്റെ ഇറ്റാലിയൻ കണ്ണട മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പേമ ഖണ്ഡുവും നടത്തുന്ന വികസന പ്രവർത്തനങ്ങൾ കാണണം.’– അമിത് ഷാ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമായി അരുണാചലിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ നിരവധി പ്രവർത്തനങ്ങൾ നടത്തി. പേമ ഖണ്ഡുവും നരേന്ദ്ര മോദിയും എട്ട് വർഷം കൊണ്ട് ചെയ്ത പ്രവർത്തനം 50 വർഷത്തിനിടയിൽ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അരുണാചൽ പ്രദേശിൽ എത്തിയത്. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. ഞായറാഴ്ച രാവിലെ നാംസായിലെ ഗോൾഡൻ പഗോഡ അമിത് ഷാ സന്ദർശിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു, മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.