മുംബൈ: മാവോയിസ്റ്റ് ആശയങ്ങൾക്കെതിരെ പുസ്തകം എഴുതിയിട്ടുള്ള തന്നെ മാവോയിസ്റ്റ് എന്ന് എങ്ങനെ മുദ്ര കുത്താനാകുമെന്ന് എൻഐഎ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (70) കോടതിയിൽ ചോദ്യമുന്നയിച്ചു. ഭീമ–കൊറേഗാവിലെ ദലിത്, മറാഠ കലാപത്തിനു കാരണം മനുഷ്യാവകാശപ്രവർത്തകർ സംഘടിപ്പിച്ച ദലിത് സംഗമമാണെന്നും ഇതിനു മാവോയിസ്റ്റ് ബന്ധമുണ്ടെന്നുമാണു കേസ്. ഇതിൽ നിന്നു കുറ്റവിമുക്തനാക്കണമെന്നഭ്യർഥിച്ചു സമർപ്പിച്ച ഹർജിയിലാണ് തേൽതുംബ്ഡെ തന്റെ മാവോയിസ്റ്റ് വിരുദ്ധത ചൂണ്ടിക്കാണിച്ചത്.
‘ എന്റെ മുപ്പതോളം പുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണ്. അതിൽ ‘സാമ്രാജ്യത്വ വിരുദ്ധതയും ജാതി ഉന്മൂലനവും’ എന്ന പുസ്തകം മാവോയിസ്റ്റ് ആശയങ്ങളോടുള്ള വിമർശനമാണ്. ഞാൻ സിപിഐ (മാവോയിസ്റ്റ്) അംഗമാണെന്ന തെളിവ് എൻഐഎ ഹാജരാക്കിയിട്ടില്ല. ഞാൻ ജനറൽ സെക്രട്ടറിയായ ജനാധിപത്യ അവകാശ സംരക്ഷണ സമിതിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്നു സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല,’’ അദ്ദേഹം വാദിച്ചു. 2020 ഏപ്രിലിൽ അറസ്റ്റിലായതുമുതൽ തേൽതുംബ്ഡെ വിചാരണത്തടവിലാണ്.