തിരുവനന്തപുരം : പേട്ടയിലെ അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പ്രതിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അനീഷിനെ കൊലപ്പെടുത്തിയ സ്ഥലവും ആയുധം ഒളിപ്പിച്ച സ്ഥലവുമെല്ലാം പ്രതി സൈമൺ ലാലൻ പോലീസിന് കാണിച്ചുനൽകുകയും ചെയ്തു. അനീഷിനെ കൊലപ്പെടുത്താൻ പ്രതി സൈമൺ ലാലൻ നേരത്തെ തീരുമാനിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാൽ അനീഷിനെ പ്രതി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ല. മകളുമായി അടുപ്പത്തിലായിരുന്ന അനീഷ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്ന് പ്രതിക്കറിയാമായിരുന്നു.
അതിനാൽ ഇനി അനീഷിനെ വീട്ടിൽ കണ്ടാൽ കൊലപ്പെടുത്താനായിരുന്നു സൈമണിന്റെ തീരുമാനം. അങ്ങനെയിരിക്കെയാണ് ഡിസംബർ 29-ാം തീയതി പുലർച്ചെ മൂന്ന് മണിയോടെ അനീഷിനെ വീട്ടിൽ കണ്ടതെന്നും തുടർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കള്ളനാണെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന മൊഴി പ്രതി തിരുത്തിയിട്ടുമുണ്ട്. ഡിസംബർ 29-ാം തീയതി പുലർച്ചെയാണ് പേട്ട സ്വദേശിയായ അനീഷ് ജോർജ്(19) സുഹൃത്തിന്റെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. മകളുടെ ആൺസുഹൃത്തായ അനീഷിനെ സൈമൺ ലാലൻ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പേട്ട പോലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് വിവരമറിയിച്ചത്. കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു സൈമണിന്റെ ആദ്യമൊഴി.