ന്യൂഡൽഹി: വളർത്തുനായയെ ആക്രമിക്കുന്നത് തടഞ്ഞതിന് 85കാരനെ അയൽവാസിയായ കൗമാരക്കാരൻ തല്ലിക്കൊന്നു. ന്യൂഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. അശോക് കുമാർ എന്നയാളെയാണ് 17കാരൻ ഇരുമ്പുവടിക്കൊണ്ട് മർദ്ദിച്ചു കൊന്നത്. നായയുടെ കുര അസഹ്യമായതിനെ തുടർന്ന് അശോക് കുമാറിന്‍റെ അയൽവാസിയായ പ്രതി അദ്ദേഹത്തിന്‍റെ വീടിനകത്ത് പ്രവേശിക്കുകയും വളർത്തു നായയെ ഇരുമ്പ് വടി കൊണ്ട് അടിക്കാൻ ശ്രമിക്കുകയുമായിരുന്നു. മർദനത്തെ അശോക് കുമാർ തടഞ്ഞപ്പോളാണ് പ്രതി അശോകിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 85കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അശോക് കുമാറിന്റെ മകളിൽ നിന്ന് വിവരം ലഭിച്ച പൊലീസ് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി ഗുരുതര പരിക്കിക്കേറ്റ അശോക് കുമാർ റാവുവിനെ തുലാറാം മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി മുമ്പും തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ ആക്രമിച്ചിരുന്നുവെന്ന് അശോക് കുമാറിന്‍റെ ഭാര്യ മീന മൊഴിയിൽ പറഞ്ഞു.
“നായയുടെ നിർത്താതെയുള്ള കുരയിൽ രോഷാകുലനായതിനെ തുടർന്നാണ് പ്രതി അശോകിന്‍റെ വീട്ടിലേക്കെത്തുന്നത്. അശോക് തന്റെ നായയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പ്രതിയുടെ ആക്രമണത്തിൽ അയാൾക്കും പരിക്കേൽക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകാൻ തുടങ്ങിയ അശോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു-പൊലീസ് പറഞ്ഞു.
ആദ്യം ഐ.പി.സി 323, 452 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തതെന്നും അശോക് കുമാറിന്റെ മരണത്തിന് ശേഷം എഫ്.ഐ.ആറിൽ ഐ.പി.സി 302-ാം വകുപ്പും ചേർത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ (ജെ.ജെ.ബി) ഹാജരാക്കിയതിന് ശേഷം ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.