ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനികളുടെ മരണം തുടര്‍ക്കഥയാകുന്നു. ചൊവ്വാഴ്ച കടലൂർ ജില്ലയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജീവനൊടുക്കിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികളുടെ എണ്ണം മൂന്നായി.
ഐഎഎസ് പ്രവേശന പരീക്ഷയെഴുതാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന്റെ സമ്മര്‍ദം താങ്ങാനാകാതെയാണ് ആത്മഹത്യയെന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷിച്ചു വരികയാണെന്നും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു അയച്ചതായും കടലൂർ ജില്ലാ പൊലീസ് മേധാവി ശക്തി ഗണേശൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവള്ളൂരിലും കള്ളക്കുറിച്ചിയിലും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയതു വന്‍വിവാദമായിരുന്നു. കള്ളക്കുറിച്ചിയില്‍ ബന്ധുക്കളുടെ പ്രതിഷേധം കലാപമായി മാറുകയും വന്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെ 5പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.