തിരുവനന്തപുരം : തൊണ്ടവേദന, ജലദോഷം, പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ പലരും രോഗ നിർണ്ണയത്തിനായി കോവിഡ് 19 റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റ് വാങ്ങി വീടുകളിൽ തന്നെ സ്വന്തമായി പരിശോധന നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമ്പോൾ ടെസ്റ്റ് നടത്തേണ്ട രീതി കൃത്യമായി മനസ്സിലാക്കണം (കിറ്റിനോടൊപ്പമുള്ള യൂസർ മാന്വലിലും , കിറ്റിന്റെ പുറത്തുള്ള ക്യൂ.ആർ. കോഡ് സ്കാൻ ചെയ്താൽ കിട്ടുന്ന വീഡിയോയിലും ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കിയിട്ടുണ്ട്).
ടെസ്റ്റ് റിസൾട്ട് പോസ്റ്റീവ് ആണെങ്കിൽ ഉടൻ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയുകയും (7 ദിവസം) ഈ വിവരം കിറ്റിൽ പറയുന്ന മൊബൈൽ ആപ്പിലൂടെ ഐ.സി.എം.ആർ. പോർട്ടലിൽ അപ് ലോഡ് ചെയ്യുകയും വേണം. ഉപയോഗിച്ച ടെസ്റ്റ് കിറ്റ് വലിച്ചെറിയാതെ കൃത്യമായി ഡിസ്പോസ് ചെയ്യുകയും വേണം. ഉപയോഗിച്ച ടെസ്റ്റ് കിറ്റ് വലിച്ചെറിയാതെ കൃത്യമായി ഡിസ്പോസ് ചെയ്യുകയും വേണം.
ടെസ്റ്റ് ചെയ്യുന്ന രീതിയിൽ പിഴവ് സംഭവിച്ചാൽ രോഗലക്ഷണം ഉള്ളവരിലും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവാൻ സാധ്യതയുണ്ട്. അതിനാൽ രോഗം ഇല്ലെന്ന് കരുതി മറ്റുള്ളവരുമായി ഇടപഴകാതെ ഉടൻ ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നത് വരെ സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം.
സ്വയം ചികിത്സ ഒഴിവാക്കുക എന്നതും ഇതു പോലെ തന്നെ പ്രധാനമാണ്. രോഗം സ്ഥിരീകരിക്കുന്നവരും രോഗലക്ഷണം ഉള്ളവരും ഒരു കാരണവശാലും സ്വയം അനാവശ്യമായി ആന്റി ബയോട്ടിക് മരുന്നുകൾ വാങ്ങി കഴിക്കരുത്. ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശപ്രകാരം മാത്രമേ മരുന്നുകൾ കഴിക്കാവൂ. അതേ പോലെ പ്രായമുള്ളവർക്ക് കടുത്ത തൊണ്ടവേദനയോ ചർദ്ദിയോ കാരണം ഭക്ഷണം കഴിക്കാൻ പറ്റാതാവുന്നതിലൂടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതും ആശുപത്രി ചികിത്സ വേണ്ടി വരുന്നതും കാണപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ആളുകൾ കൃത്യമായി ആഹാരവും വെള്ളവും കഴിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതാണ്.