പത്തനംത്തിട്ട: ജില്ലയിൽ നടന്നുവരുന്ന സി.പി.എം അതിക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുകയാണന്നു ആന്റോ ആന്റണി എം. പി. പറഞ്ഞു. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ നിര്‍ഭാഗ്യകരമായ കൊലപാതക സംഭവത്തിന്‍റെ മറവില്‍ സി.പി.എം പ്രവർത്തകർ ജില്ലയിലൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫീസുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടും അവരെ അറസ്റ്റു ചെയ്യാനോ കേസ്സെടുക്കാനോ പോലീസ് തയ്യാറായില്ല.തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്, അടൂര്‍ ബ്ലോക്കിലെ പറക്കോട്, മണ്ണടി മണ്ഡലം കമ്മിറ്റി ഓഫീസുകള്‍, ആനന്ദപ്പള്ളി കോൺഗ്രസ് ഓഫീസ് എന്നിവ തല്ലിത്തകര്‍ക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനകളുടെയും അറുപതില്‍പരം കൊടിമരങ്ങളും ദേശീയ നേതാക്കളുടെ പ്രതിമകളും സ്തൂപങ്ങളും തകര്‍ക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് എം.പി കുറ്റപ്പെടുത്തി.
കൊലപാതകങ്ങളേയും അക്രമങ്ങളേയും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.
കണ്ണൂരിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും എതിരാളികളെ വക വരുത്തുകയും അക്രമണങ്ങള്‍ നിരന്തമായി സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സി.പി.എം നേതാക്കള്‍ ഇടുക്കിയിലെ സംഭവത്തിന്‍റെ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.പി പറഞ്ഞു. ജില്ലയില്‍തന്നെയുള്ള തിരുവല്ല പെരിങ്ങരയിലെ സി.പി.എം നേതാവ് കൊല്ലപ്പെട്ടപ്പോഴും സമാനമായ മറ്റ് സംഭവങ്ങള്‍ ഉണ്ടായപ്പോഴും അതില്‍ പ്രതികളായവര്‍ക്കും പാര്‍ട്ടിക്കുമെതിരെ യാതൊരു പ്രകോപനവും സൃഷ്ടിക്കാതിരുന്ന സി.പി.എം ആണ് ഇടുക്കിയിലെ സംഭവത്തിന്‍റെ പേരില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ അക്രമങ്ങള്‍ നടത്തുന്നത്.
ആറന്മുള മെഴുവേലിയിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോൺ വർഗീസ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലി എന്നിവരെ ആക്രമിച്ചപ്പോളും പോലീസ് നോക്കി നിക്കുകയായിരുന്നു.പത്തനംതിട്ടയില്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുവാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് പോലീസ് ക്യാമ്പില്‍ മണിക്കൂറുകള്‍ കൊണ്ടുപോയി നിര്‍ത്തിയ പോലീസ് പല സ്ഥലങ്ങളിലും അക്രമകാരികളായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുകയും നിഷ്ക്രിയരായിരിക്കുകയുമാണ്.
അടൂരിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ അടക്കമുള്ള നേതാക്കളെ ആക്രമിച്ചിട്ടും അത് തടയുവാനോ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യുവാനോ തയ്യാറാകാതിരുന്നത് അങ്ങേ അറ്റം പ്രതിഷേധാർഹമായ നടപടിയാണ്.
അക്രമം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കുവാനാണ് സി.പി.എം ശ്രമമെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കുമെന്നും ആന്‍റോ ആന്റണി എം. പി പറഞ്ഞു.