തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് മന്ത്രി ആന്റണി രാജു. എയ്ഡ്സ് രോഗം വര്‍ധിക്കുന്ന സാഹചര്യം ഗൗരവകരമായി കാണണം. സുരക്ഷിതത്വ ബോധവും ശരിയായ ജീവിത രീതികളും പിന്‍തുടരണ്ടതിനെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ ധാരണ സൃഷ്ടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എച്ച്‌ഐവി ബോധവല്‍ക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യം നിലവിലുണ്ട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരി ചതിയില്‍പെടുന്നുണ്ട്. മാനസികമായ ഗുരുതര പ്രശ്നങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും പിന്നീട് ഇവര്‍ എത്തപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ സ്‌കൂള്‍ തലം മുതല്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുകയാണ്.’ ചെറിയ പ്രതിസന്ധിയില്‍ പോലും മാനസികമായി തകരുന്ന അവസ്ഥക്കപ്പുറം പരാജയങ്ങളെയും സഹിഷ്ണുതയോടെ നേരിടാന്‍ യുവജനതക്ക് കഴിയണമെന്നതാണ് യുവദിനാചരണത്തില്‍ നല്‍കാനുള്ള സന്ദേശമെന്നും മന്ത്രി പറഞ്ഞു. യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ശ്രീലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജി അഞ്ജന, സജിത്ത്, രശ്മി മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.