ഇന്ത്യൻ പേസർ ഝുലൻ ഗോസ്വാമിയുടെ ബയോപിക്ക് ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും. ബോളിവുഡ് നടി അനുഷ്ക ശർമ്മയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ പേസറെ അവതരിപ്പിക്കുക. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ടീസർ നെറ്റ്‌ഫ്ലിക്സ് പുറത്തുവിട്ടു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയുള്ള വനിതാ ബൗളർമാരിൽ ഒരാളാണ് ഝുലൻ ഗോസ്വാമി. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നുള്ള ഒട്ടേറെ കടമ്പകൾ മറികടന്നാണ് താരം ക്രിക്കറ്റിലേക്കെത്തിയത്.
വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളറാണ് ഝുലൻ. 192 മത്സരങ്ങളിൽ നിന്ന് 240 വിക്കറ്റുകൾ താരത്തിനുണ്ട്. 12 ടെസ്റ്റും 68 ടി-20കളും കളിച്ച താരം യഥാക്രമം 44, 56 വിക്കറ്റുകളും നേടി. വാലറ്റത്ത് ഭേദപ്പെട്ട ബാറ്റർ കൂടിയായ ഝുലൻ അങ്ങനെയും ചില ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുക. അനുഷ്ക ശർമ്മയും സഹോരൻ കർണേഷ് ശർമയും ചേർന്ന് ചിത്രം നിർമിക്കും.