ജോലി സമയം കഴിഞ്ഞും ജോലി ചെയ്യുന്നത് കഠിനാധ്വാനത്തിന്റെ ലക്ഷണമായി കണക്കാക്കിയിരുന്ന കാലമൊക്കെ കഴിഞ്ഞു. അധികസമയങ്ങളും ഒഴിവു ദിനങ്ങളുമൊന്നും ജോലി ചെയ്യാൻ ഇപ്പോഴത്തെ ആളുകളൊന്നും തയ്യാറല്ല. അത് അവർ പലപ്പോഴും തുറന്ന് പറയാറും ഉണ്ട്. തൊഴിലിടങ്ങളിലെ ചൂഷണത്തെ കുറിച്ച് തിരിച്ചറിയുന്ന യുവാക്കളും ഇന്ന് ഒരുപാടുണ്ട്. എന്നിരുന്നാലും ഒഴിവു ദിവസമാണെങ്കിലും കമ്പനിയിൽ നിന്നും അത്യാവശ്യത്തിന് ഒരു കാര്യത്തിൽ സഹായിക്കാൻ പറഞ്ഞാൽ മിക്കവരും സഹായിക്കാറുണ്ട്.
എന്നാൽ, അങ്ങനെ യാതൊരു സഹായത്തിനോ വിട്ടുവീഴ്ചയ്ക്കോ തയ്യാറല്ലാത്ത ഒരാളുടെ സംഭാഷണമാണ് ഇപ്പോൾ വൈറലാവുന്നത്. രഘു എന്ന ഒരു ട്വിറ്റർ യൂസറാണ് താൻ ഒഴിവ് ദിവസം ജോലി ചെയ്യാൻ തയ്യാറാവത്തതുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണം പങ്ക് വച്ചിരിക്കുന്നത്. അഞ്ച് വർഷമായി താൻ ഒഴിവു ദിവസം ഇതുപോലെ ജോലിയിൽ സഹായിക്കാറുണ്ടായിരുന്നു, ഇനി അത് പറ്റില്ല എന്നാണ് ഇയാളുടെ പക്ഷം.
2-4 ടാഗ്ലൈനിൽ സഹായം വേണം എന്നാണ് രഘുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇന്ന് എന്തു തന്നെ ആയാലും പറ്റില്ല. നാളെ അത് ചെയ്യാം എന്നാണ് അയാൾ മറുപടി നൽകിയിരിക്കുന്നത്. ‘ഞാൻ അഞ്ച് വർഷമാണ് എടുത്തത്, അവധി ദിനത്തിൽ ജോലി ചെയ്യാൻ സാധിക്കില്ല എന്ന് പറയാൻ വേണ്ടി. നിങ്ങൾ എന്നെ പോലെ ആവരുത്. നേരത്തെ തന്നെ അത് ശീലിക്കണം’ എന്നാണ് രഘുവിന്റെ പക്ഷം.
എന്നാൽ, മെസ്സേജുകൾ വായിക്കാതിരുന്നാൽ പോരേ എന്നിട്ട് മറ്റെന്തെങ്കിലും കാരണം പിന്നീട് പറഞ്ഞാൽ മതിയല്ലോ എന്ന് ചോദിച്ചവരും ഉണ്ട്. എന്നാൽ, താൻ തന്റെ ഭാഗം വ്യക്തമാക്കാൻ ആണ് ശ്രമിക്കുന്നത്. താൽക്കാലികമായ രക്ഷപ്പെടൽ അല്ല എന്നാണ് രഘു പറയുന്നത്. ഏതായാലും അധികം വൈകാതെ തന്നെ ട്വീറ്റ് വൈറലായി. ഭൂരിഭാഗം പേരും യുവാവിനെ അഭിനന്ദിച്ചു.