ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിയമനത്തിനായി കരസേന വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും. ജൂലൈ മുതല്‍ ജോയിന്റ് ഇന്ത്യൻ ആർമി വെബ്സൈറ്റിൽ ഓൺലൈനായി റജിസ്ട്രേഷൻ നടത്തണമെന്നാണു നിർദേശം. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനർ), ക്ലാർക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നീ ജോലികളിലേക്കാണ് അഗ്നിവീർ ഉദ്യോഗസ്ഥരുടെ നിയമനം.
പരിശീലന കാലമുൾപ്പെടെ നാലു വർഷമായിരിക്കും അഗ്നിവീറുകളുടെ ജോലിയുടെ കാലാവധി. ഏതെങ്കിലും തരത്തിലുള്ള പെൻഷൻ, ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർക്കു ലഭിക്കില്ല. നാലു വർഷത്തെ സേവന കാലത്തിനു ശേഷം അഗ്നിവീറുകൾക്ക് സമൂഹത്തിലേക്കു മടങ്ങാനും ജോലി ചെയ്യുന്നതിനും ‘സേവാനിധി’ തുക നൽകുമെന്നും കരസേനാ വിജ്ഞാപനത്തിൽ പറയുന്നു.
അഗ്നിപഥിനെതിരെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നതിനിടെയാണ് കരസേനയുടെ വിജ്ഞാപനം പുറത്തുവരുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് അഞ്ഞൂറിലധികം ട്രെയിനുകളാണു റദ്ദാക്കിയത്. 181 മെയിൽ എക്സ്പ്രസുകളും 348 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. ബിഹാറിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.