അരൂർ: കൈതപ്പുഴ കായലിൽ എക്കലും മണലും അടിഞ്ഞ് മണൽതിട്ടകൾ രൂപപ്പെടുന്നത് തടയാൻ പദ്ധതി വേണമെന്ന് തീരവാസികൾ. പുതുതായി റെയിൽവേ മേൽപാലം നിർമിക്കുമ്പോൾ കുഴിച്ചെടുക്കുന്ന ചളിയും എക്കലും കായലിൽ തന്നെ നിക്ഷേപിക്കാതെ നീക്കാൻ നിർമാണ കമ്പനിയുമായി കരാറുണ്ടാക്കണമെന്ന് കായലിന്റെ തീരവാസികൾ ആവശ്യപ്പെടുന്നു.
കായൽ നികരുന്നത് മത്സ്യത്തൊഴിലാളികളെ മാത്രമല്ല, തീരദേശവാസികളെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നതാണെന്ന് തീരവാസികൾ പറഞ്ഞു. കായലിന്റെ വിസ്തൃതി മുമ്പുണ്ടായിരുന്നതിനേക്കാൾ ദിനംപ്രതി കുറയുകയാണ്. വർഷങ്ങൾ മുമ്പ് കായൽ കരയിലേക്ക് കയറിയ പ്രതിഭാസം തീരവാസികളെ ആശങ്കയിലാക്കിയിരുന്നു.
സൂനാമിക്ക് ശേഷം തീരവാസികളെ ഭയപ്പാടിലാക്കിയ കായൽ കയറ്റം നേരിടാൻ എൽ.ഡി.എഫിന്റെ ഒന്നാം സർക്കാർ നൂറുകോടി രൂപയാണ് അരൂർ മേഖലയിൽ വാഗ്ദാനം ചെയ്തത്.
കായലിലെ എക്കലും ചെളിയും നീക്കി ആഴം വർധിപ്പിക്കുന്നതിനായിരുന്നു പദ്ധതി. മത്സ്യത്തൊഴിലാളി സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് നിരവധി പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. കായൽ തീരങ്ങളിൽ കൽക്കെട്ട് നടത്തി ആവശ്യമായ സ്ഥലങ്ങളിൽ തീരദേശ റോഡുകൾ നിർമിച്ച് കായൽ കൈയേറ്റം തടയുന്നതിന് വ്യക്തമായ പദ്ധതി അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഉണ്ടാക്കുന്നതിന് ഉദ്യോഗസ്ഥർ ജനപ്രതിനികളുമൊത്ത് തീര മേഖലകളിൽ പര്യടനം നടത്തിയിരുന്നു. പിന്നീട് നടപടി ഉണ്ടായില്ല. എല്ലാം തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
നിലവിലുള്ള കായൽ തന്നെ ഈവിധം എക്കലും ചെളിയും നിറഞ്ഞ് നികന്നാൽ മഴക്കാലത്ത് വെള്ളം കൂടുതലായി ഒഴുകിയെത്തുമ്പോൾ ഉൾക്കൊള്ളാനാകാതെ വേലിയേറ്റ സമയത്ത് കരയിലേക്ക് കയറും.
ഇത് തീരദേശത്തുള്ള വീടുകളെ വെള്ളത്തിലാക്കും. അരൂർ, കുമ്പളം, കുമ്പളങ്ങി, ഇടക്കൊച്ചി പ്രദേശങ്ങൾ വെള്ളത്തിലാകും. കായലിൽ അടിഞ്ഞു കൂടിയിട്ടുള്ള എക്കലും ചെളിയും നീക്കം ചെയ്യണം. പുതിയ കുമ്പളം – അരൂർ റെയിൽവേ പാലം നിർമിക്കുമ്പോൾ ഉണ്ടാകുന്ന ചെളിയും എക്കലും കായലിൽ നിക്ഷേപിക്കാതിരിക്കുന്നതിന് കരാർ ഏറ്റെടുക്കുന്നവരുമായി വ്യക്തമായ ധാരണ ഉണ്ടാക്കണമെന്നുമാണ് തീരവാസികളും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നത്.