ബംഗളൂരു: പോക്സോ കേസിൽ ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബംഗളൂരു കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന് (സി.ഐ.ഡി) കൈമാറുകയായിരുന്നു. മേയ് 26ന് അർബുദ ബാധിതയായി ചികിത്സയിലായിരുന്ന പരാതിക്കാരി മരിച്ചു.
അതേസമയം, യെദിയൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സി.ഐ.ഡിയുടേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടിസ് നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.