കോഴിക്കോട്: വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശി ദാറുൽ ഫലാനിൽ ഇസ്മയിൽ ആണ് പിടിയിലായത്. 19 ന് വൈകുന്നേരം 05.30 നും രാത്രി 11 മണിക്കും ഇടയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ ആനകുഴിക്കരയിൽ മോഷണം നടന്നത്. വീട്ടുകാർ നോമ്പ് തുറക്കാ൯ പോയ സമയത്ത് വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ട് തക൪ത്ത് അകത്ത് കടന്ന് ബെഡ് റൂമിലെ അലമാരയുടെ വാതിൽ തക൪ത്താണ് 20 പവ൯ സ്വ൪ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചത്. പോ൪ച്ചിൽ നി൪ത്തിയിട്ടിരുന്ന 3 ലക്ഷം രൂപ വില വരുന്ന ബൈക്കും മോഷ്ടിച്ചു.
ബി.കോം ബിരുദധാരിയായ ഇസ്മയിൽ ആഢംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലുകളിൽ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. കാക്കനാട് സബ്ജയിലിൽ നിന്നും കഴിഞ്ഞമാസംപുറത്തിറങ്ങിയ പ്രതി പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ നിക്ഷേപിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പിടിയിലായിട്ടുണ്ട്.
മോഷ്ടിച്ച ശേഷം തെളിവ് അവശേഷിപ്പിക്കാതെ രക്ഷപ്പെടുന്നതിൽ വിദഗ്ധനാണ് പ്രതിയെന്നും പൊലീസ് പറയുന്നു. പൊലീസിനെ കബളിപ്പിക്കാൻ നിരവധിതവണ ഫോൺനമ്പർ മാറിയാണ് ഉപയോഗിക്കുക. ബ്രാൻ്റഡ് വസ്ത്രങ്ങളും ഉൽപന്നങ്ങളും മാത്രം ഉപയോഗിക്കുന്ന ഇയാൾ മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതാണ് പൊലീസിന്റെ വലയിലാകാനിടയാക്കിയത്. വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം തൃക്കാക്കര പോലീസിന്റെ പിടിയിലായിരുന്നു. തുടർന്ന് കാക്കനാട് സബ്ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു.
പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തി രാത്രിയിൽ ഓപ്പറേഷൻ നടത്തുന്നതാണ് രീതി. മലപ്പുറം ജില്ലയിൽ ചേളാരിയിലും മോഷണത്തിനായി പോയതായി ഇസ്മായിൽ പൊലീസിനോട് സമ്മതിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശൻ്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ ഹരീഷ് ,സി.പി.ഒ അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.