മംഗലപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപം പുതുവൽ പുത്തൻവീട്ടിൽ ഷെമിനാ മൻസിൽ ഷാനു എന്ന ഷാനവാസിനെയാണ് (36) മംഗലപുരം പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
കൊലപാതകം, വധശ്രമം, കൂലിത്തല്ല്, പിടിച്ചുപറി ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണിയാൾ. മംഗലപുരത്തെ പ്രസാദ് കൊലപാതകക്കേസിൽ മംഗലപുരം, കഴക്കൂട്ടം സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പള്ളിപ്പുറത്തെ ബേക്കറിയിൽ അതിക്രമിച്ച് കടന്ന് ഉടമയെ ഭീഷണിപ്പെടുത്തിയ കേസിലും ടെക്നോ സിറ്റിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ച കേസിലും പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥിന്റെ ശിപാർശ പ്രകാരം തിരുവനന്തപുരം ജില്ല കലക്ടറാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ മംഗലപുരം പൊലീസ് ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ്, എ.എസ്.ഐ ഫ്രാങ്ക്ളിൻ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് എസ്.ഐ ഫിറോസ്ഖാൻ, എ.എസ്.ഐ ബി. ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഷാനുവിനെ അറസ്റ്റ് ചെയ്തത്.