കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ പൂർവ വിദ്യാർഥി സംഗമം തലമുറകളുടെ സംഗമവേദിയായി. 1964 മുതൽ കോളേജിൽ പഠിച്ചിറങ്ങിയവർ പങ്കെടുത്തു. സംഗമം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. സമഗ്ര പരിവർത്തനത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖല കടക്കുകയാണ്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കത്തക്കവിധം വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. വിദ്യാർഥികളിൽ തൊഴിൽ ആഭിമുഖ്യം വളർത്തുന്നതിനും പഠന കാലത്ത് തന്നെ വരുമാനം നേടുന്നതിനുമായി ഇൻഡസ്ട്രി ഓൺ കാംപസ് ഉൾപ്പെടെ പദ്ധതികൾ ആവിഷ്കരിച്ചു. വിദ്യാർഥികൾക്ക് പൂർണ സ്വാതന്ത്ര്യം അനുവദിച്ച്, അവരുടെ മൗലിക കഴിവുകളും സർഗാത്മകതയും വികസിപ്പിക്കുന്ന പാഠ്യപദ്ധതി ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വജ്ര ജൂബിലി ആഘോഷ കമ്മറ്റി ചെയർമാൻ അഹമ്മദ് ദേവർ കോവിൽ എം.എൽ.എ അധ്യക്ഷനായി. മെഗാ അലുംമ്നി മീറ്റ് ജനറൽ കൺവീനർ ഡോ. പ്രഭാകരൻ പി.എം റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. സ്വാഗതവും ഒ.എസ്.എ ജനറൽ സെക്രട്ടറി ഹരിദാസൻ പാലയിൽ നന്ദിയും പറഞ്ഞു.
മേയ് ദിനവേളയിൽ നടന്ന മെഗാ സംഗമത്തിൽ പൂർവ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാരൂപങ്ങൾ അരങ്ങേറി. രാത്രി എട്ടിന് ഓർക്കസ്ട്രയോടെയായിരുന്നു സമാപനം. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ആർട്സിലെ പ്രതിഭകളുടെ കലാവിരുന്ന് വേറിട്ട അനുഭവമായി. കോളേജിലെ പൂർവ വിദ്യാർഥികളായ എഴുത്തുകാരുടെ കൃതികൾ ഉൾക്കൊള്ളിച്ച പുസ്തക പ്രദർശനം ശ്രദ്ധേയമായി.