ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽനിന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പിൻമാറിയിട്ടില്ലെന്ന് റിപ്പോർട്ട്. സോണിയ ഗാന്ധിയുമായും മറ്റ് മുതിർന്ന നേതാക്കളുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തുമെന്നും മുതിർന്ന േനതാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അണിയറ നീക്കങ്ങൾക്കു ചരടുവലിച്ച അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർഥിയാക്കരുതെന്നു മുറവിളി നടക്കുന്നതിനിടെയാണു പുതിയ പ്രതികരണം വന്നത്.
തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. രാജസ്ഥാനിലെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച വിശദ റിപ്പോർട്ട് എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും സോണിയയ്ക്കു കൈമാറിയിരുന്നു.
ഗെലോട്ടിനെ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നായിരുന്നു സച്ചിൻ പൈലറ്റ് ഭീഷണി മുഴക്കി. ഗെലോട്ട് ഹൈക്കമാൻഡിനെയും പാർട്ടിയെയും അപമാനിച്ചെന്നും പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കണമെന്നും പ്രവർത്തക സമിതി അംഗങ്ങളും ശക്‌തമായ നിലപാട് എടുത്തതോടെ ഹൈക്കമാൻഡ് വെട്ടിലായിരിക്കുകയാണ്. കമൽനാഥ് ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന നേതാക്കളുടെ പേരും ഇതോടെ ഹൈക്കമാൻഡ് പരിഗണിച്ചുവരികയാണ്.