അതിരപ്പിള്ളി: മഴ നിലച്ചതോടെ ചാലക്കുടിപ്പുഴ മെലിഞ്ഞു. ആർത്തലച്ചിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നൂലുപോലെ നേർത്ത ചാലായി. വാഴച്ചാലും തുമ്പൂർമുഴിയിലും സന്ദർശകരെ നിരാശപ്പെടുത്തി പുഴയിൽ നിറയെ പാറക്കെട്ടുകൾ തെളിഞ്ഞത് വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. അതിരപ്പിള്ളിയെ സംബന്ധിച്ചിടത്തോളം പ്രധാന സീസണാണ് ക്രിസ്മസ് അവധിക്കാലം. കോവിഡിന് ശേഷം അതിരപ്പിള്ളി ടൂറിസം മേഖല പച്ചപിടിക്കാൻ തുടങ്ങുന്നതേയുള്ളൂ.
സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ കൂടുതൽ സഞ്ചരികളും ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ അതിരപ്പിള്ളിയിലേക്കാണ് എത്തുക. കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ യാത്രയോടനുബന്ധിച്ച് നിരവധി പേർ അതിരപ്പിള്ളി സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് അതിരപ്പിള്ളിയിൽ എത്തിയത്. ജലസമൃദ്ധി പ്രതീക്ഷിച്ചെത്തിയ ഇവർക്ക് മെലിഞ്ഞ വെള്ളച്ചാട്ടം നിരാശയായി. മഴ നിലച്ചതോടെ പുഴയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി താഴുകയായിരുന്നു. പുഴയോരത്തെ കിണറുകളിൽ വെള്ളം വറ്റി. പലയിടത്തും ഡിസംബറിൽ തന്നെ ജലക്ഷാമം തുടങ്ങി.