മുംബൈ: നഗരത്തിൽ മൂന്ന് മണിക്കൂറിനിടെ 23 പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. ഏകദേശം 2.24 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഗൊറേഗാൺ വെസ്റ്റ് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. നവംബർ 27നാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് ലഭിച്ചത്. ബെസ്റ്റ് ട്രെയിനിങ് സ്കൂൾ അധ്യാപകനാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. നവംബർ 11 മുതൽ 22 വരെയുള്ള കാലയളവിൽ തട്ടിപ്പ് നടന്നുവെന്നായിരുന്നു അധ്യാപകന്‍റെ പരാതി. രാത്രി 7.30 മുതൽ 10.30 വരെയുള്ള സമയങ്ങളിലാണ് തട്ടിപ്പ് നടന്നത്.
ഉപഭോക്താവ് എ.ടി.എം വിവരങ്ങൾ പങ്കുവെക്കാത്തതിനാൽ സ്കിമ്മർ ഡിവൈസ് ഉപയോഗിച്ച് എ.ടി.എം കൗണ്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ പരാതിയുമായി പോയെങ്കിലും അവർ അത് ഗൗരവമായി പരിഗണിച്ചില്ലെന്നും അധ്യാപകൻ വ്യക്തമാക്കുന്നു. അധ്യാപകന്‍റെ പരാതിക്ക് പിന്നാലെ മറ്റ് നിരവധി പേരാണ് പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പോലീസിനെ സമീപിച്ചത്. 2018ലും മുംബൈയിൽ സമാനരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. 50 പേർക്കാണ് അന്ന് പണം നഷ്ടമായത്.