കുറ്റിപ്പുറം > മലപ്പുറം ഊരോത്ത് പള്ളിയാലിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിൽ കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരങ്ങൾക്ക് വെട്ടേറ്റു. ആതവനാട് സ്വദേശികളായ അറുമുഖൻ (29), മണി (35) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ച ഊരോത്ത് പള്ളിയാൽ സ്വദേശികളും സഹോദരങ്ങളുമായ സുരേഷ്, സുന്ദരൻ, ലിജേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. അറുമുഖൻ, മണി, സുരേഷ് എന്നിവർ ക്വാർട്ടേഴ്സിലെ അടുത്തടുത്ത റൂമുകളിലാണ് താമസിക്കുന്നത്. കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി സ്ത്രീകൾ തമ്മിലുള്ള തർക്കത്തിനിടെ ഗർഭിണിയായ ഭാര്യയെ ആക്രമിച്ചത് ചോദ്യംചെയ്ത അറുമുഖനെയും മണിയെയും സുരേഷ് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും വിളിച്ചുവരുത്തി സുരേഷ്, സുന്ദരൻ, ലിജേഷ് എന്നിവർ ചേർന്ന് കൊടുവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. അറുമുഖന് നെഞ്ചിലും മണിയുടെ ഇടത് തോളിലുമാണ് വെട്ടേറ്റത്. ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും തുടർന്ന് വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.